ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചലഞ്ചില്‍ സ്വര്‍ണം നേടിയ ദിപ കര്‍മാക്കറിന് വന്‍ വരവേല്‍പ്പ്

dipa-karmakar

ന്യൂഡല്‍ഹി: ജിംനാസ്റ്റിക്‌സ് ലോക ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ദിപ കര്‍മാക്കറിന് വന്‍ വരവേല്‍പ്പ് നല്‍കി. പരിശീലകന്റെയും സ്‌പോര്‍ട്‌സ് അതോറിറ്റിയുടെയും പിന്തുണ കൊണ്ടാണ് തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതെന്ന് ദിപ മാധ്യമങ്ങളോട് പറഞ്ഞു. ജിംനാസ്റ്റിക്സ് റിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ് ദിപ.

തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന മത്സരത്തില്‍ 14.150 പോയിന്റുമായാണ് ദിപ സ്വര്‍ണം സ്വന്തമാക്കിയത്. യോഗ്യത റൗണ്ടില്‍ 13.400 പോയിന്റും ദിപ നേടിയിരുന്നു. ഇതേയിനത്തില്‍ റിയൊ ഒളിംപിക്‌സില്‍ മത്സരിച്ച ദിപ നാലാം സ്ഥാനത്തായിരുന്നു.

റിയോ ഒളിമ്പിക്‌സിനു ശേഷം പരിക്കേറ്റ താരം രണ്ടും വര്‍ഷത്തിനുശേഷമാണ് റിങ്ങില്‍ തിരിച്ചെത്തിയത്. ആദ്യ ശ്രമത്തില്‍ 5.400 ഡിഫികല്‍റ്റി പോയിന്റും 8.700 എക്സിക്യൂഷന്‍ പോയിന്റും അടക്കമാണ് 14.100 പോയിന്റ് നേടിയത്. രണ്ടാം ശ്രമത്തില്‍ 14.200 (5.600+8.600) പോയിന്റുമാണ് നേടിയത്.

ഇന്‍ഡൊനീഷ്യയുടെ റിഫ്ദ ഇര്‍ഫാനാലുത്ഫി 13.400 പോയിന്റുമായി വെള്ളിയും തുര്‍ക്കിയുടെ ഗോക്സു സാന്‍ലി 13.200 പോയിന്റുമായി വെങ്കലവും നേടി.

Top