സ്വപ്ന നിത്യസന്ദര്‍ശക, മുഖ്യന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം

കൊല്ലം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.

ഒരാളെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്നും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉന്നതനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതെന്നാണ് പുറത്തുവരുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യന്ത്രിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകയായിരുന്നു. ഇതിന്റെ വസ്തുത അറിയണമെങ്കില്‍ ഓഫീസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പിന്‍ബലം ഇല്ലെങ്കില്‍ എങ്ങനെയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരി മാത്രമായ സ്വപ്നയ്ക്ക് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച വിസിറ്റിങ് കാര്‍ഡ് ഉണ്ടാക്കാന്‍ സാധിച്ചതെന്നും പ്ലസ്ടു, അറബിക് വിദ്യാഭ്യാസ യോഗ്യത കൊണ്ടു മാത്രം ഉന്നത തസ്തികയിലുള്ള ജോലി ലഭിച്ചെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.

ഈ സര്‍ക്കാര്‍ ഭരണകാലത്ത് ഏറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ന്നത് ഐടി വകുപ്പിനെതിരെയാണ്. കോവിഡിന്റെ മറവില്‍ ഐടി സെക്രട്ടറി എം.ശിവശങ്കരനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

മടിയില്‍ കനമുള്ളവന്‍ വഴിയില്‍ പേടിക്കണം എന്നുള്ളതു കൊണ്ടാണു ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മുഖ്യമന്ത്രി മാറ്റാത്തതെന്നും ഐടി വകുപ്പിലെ വിവാദ ഇടപാടുകളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

Top