ഇസ്രായേലുമായി ചരിത്രപരമായ നയതന്ത്ര ബന്ധം രൂപപ്പെടുത്താനുള്ള തീരുമാനത്തിന് വന്‍പിന്തുണ ലഭിച്ചതായി യു.എ.ഇ. വെസ്റ്റ് ബാങ്കില്‍ അധിനിവേശം അവസാനിപ്പിക്കുമെന്ന ഉറപ്പ് ഇസ്രായേല്‍ നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.എ.ഇ. അതേസമയം, തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ യു.എ.ഇയുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് തുര്‍ക്കിയും ഫലസ്തീന്‍ സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നത്.
ഇസ്രായേലും യു.എ.ഇയും തമ്മില്‍ സമ്പൂര്‍ണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന കരാര്‍ വൈറ്റ്ഹൗസില്‍ ഉടന്‍ തന്നെ ഒപ്പുവെക്കുമെന്നാണ് സൂചന. 1994ന് ശേഷം ആദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രായേല്‍ കൈകോര്‍ക്കുന്നത്. പശ്ചിമേഷ്യയില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കുന്ന കരാറിന് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശം നിര്‍ത്തുന്നതോടെ ഭാവിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പ്രതികരിച്ചു.
യു.എ.ഇ തീരുമാനത്തെ പിന്തുണച്ച് ഗള്‍ഫ് രാജ്യമായ ഒമാന്‍ രംഗത്തു വന്നു. ഈജിപ്തും കരാറിനെ പ്രകീര്‍ത്തിച്ചു. ഇസ്രായേലും അറബ് രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കുന്നത് ആഗോളതലത്തില്‍ ഗുണം ചെയ്യുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. യു.എ.ഇ തീരുമാനം യാഥാര്‍ഥ്യബോധം നിറഞ്ഞതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ വ്യക്തമാക്കി.