തിരുവനന്തപുരം: പരാതി പരിഹാരത്തിനായി പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം കെപിസിസി പ്രസിഡന്റിനെ നേരിട്ട് സമീപിക്കുന്നതിന് വിലക്ക്. തര്‍ക്കങ്ങള്‍ പാര്‍ട്ടിയുടെ അതത് തലങ്ങളില്‍ തീര്‍ക്കണമെന്നാണ് കെപിസിസിയുടെ സര്‍ക്കുലര്‍. പാര്‍ട്ടി പുനഃസംഘടന ആരംഭിച്ച പശ്ചാത്തലത്തില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തലവേദനയാകുമെന്ന് മുന്നില്‍ കണ്ടാണ് കെപിസിസി അധ്യക്ഷന്റെ നിര്‍ദേശം.
എല്ലാ ജില്ലയില്‍ നിന്നും എന്താവശ്യത്തിനും കെപിസിസി പ്രസിഡന്റിനെ കാണാന്‍ വരുന്ന രീതിയാണ് കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നത്. പരാതി കേള്‍ക്കലും തീര്‍പ്പുണ്ടാക്കലും കെപിസിസി പ്രസിഡന്റിന്റെ പ്രധാന പണിയായി മാറിയതോടെയാണ് സര്‍ക്കുലര്‍. ഇനി മുതല്‍ ഡിസിസി തലത്തിലുള്ള പ്രശ്നങ്ങള്‍ക്കേ കെപിസിസി അധ്യക്ഷനെ സമീപിക്കാനാവു. അതും ഡിസിസി പ്രസിഡന്റുമാരുടെ അനുമതിയോടെ മാത്രമായിരിക്കും. ബൂത്ത് കമ്മിറ്റിയിലെ തര്‍ക്കവിഷയങ്ങള്‍ മണ്ഡലം പ്രസിഡന്റും മണ്ഡലം കമ്മിറ്റിയില്‍ വരുന്ന പരാതികള്‍ ബ്ലോക്ക് തലത്തിലും പരിഹരിക്കണം. ബ്ലോക്ക് കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ ജില്ലയുടെ ചാര്‍ജ് ഉള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഡിസിസി അധ്യക്ഷന്‍ തീര്‍പ്പാക്കണം.
പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ഈ വികേന്ദ്രീകൃത മാതൃക നടപ്പാക്കാന്‍ എല്ലാ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അച്ചടക്കം സംഘടനയുടെ കെട്ടുറപ്പിന് അത്യാവശ്യമാണെന്നും കീഴ്ഘടകള്‍ ഇക്കാര്യത്തില്‍ നിഷ്കര്‍ഷത പുലര്‍ത്തണമെന്നും പാര്‍ട്ടി സര്‍ക്കുലറില്‍ പറയുന്നു. പുനസംഘടനയ്ക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെ പരാതികളുടെ കൂമ്പാരമാണ് കെ സുധാകരന് മുന്നില്‍. ഇതില്‍ നിന്നുള്ള രക്ഷ തേടല്‍ കൂടിയാണ് പുതിയ സര്‍ക്കുലര്‍.