റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ തിങ്കളാഴ്ച നേരിട്ടുള്ള ക്ലാസുകള്‍ പുനഃരാരംഭിക്കും. കൊവിഡ് വ്യാപനം മൂലം അടച്ചിട്ട സ്‌ക്കൂളുകള്‍ 18 മാസത്തിന് ശേഷമാണ് തുറക്കുന്നത്. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് പ്രവേശനം. മറ്റുള്ള കുട്ടികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരാവുന്നതാണ്.
വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസില്‍ വരാം. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1.20 വരെയാണ് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ അധ്യയന സമയം ക്രമീകരിച്ചിട്ടുള്ളത്. ജിദ്ദയില്‍ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതലും 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 20 മുതലുമാണ് ക്ലാസുകള്‍ ആരംഭിക്കുക.