ഡൽഹി: കൈക്കൂലിക്കേസിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകളുടെയും മറ്റു ദൃക്‌സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. രാജ്യത്തെ ഭരണസംവിധാനം അഴിമതിമുക്തമാണ് എന്ന് ഉറപ്പാക്കാൻ പൊതുസേവകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ അഴിമതി തെളിയിക്കാൻ നേരിട്ട് തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകൾ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ എന്ന നിരീക്ഷണത്തോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ഡൽഹി വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിനെതിരായ അപ്പീൽ ഹർജിയിൽ ഉയർന്ന നിയമപ്രശ്‌നങ്ങളാണ് 2019 ൽ മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിനു വിട്ടത്.
നേരിട്ടുള്ള തെളിവില്ലാതിരിക്കുകയോ പരാതിക്കാരൻ മരിച്ചു പോവുകയോ മറ്റു കാരണങ്ങൾ മൂലം തെളിവു നൽകാതിരിക്കുകയോ ചെയ്താലും കുറ്റവിമുക്തനാക്കരുത്. പകരം, മറ്റു രേഖകളുടേയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരണമെന്നും കോടതി വ്യക്തമാക്കി.
അടിസ്ഥാന വസ്തുതകൾ കോടതിക്കു ബോധ്യപ്പെടണം. അനധികൃതമായി പണം പറ്റിയെന്നു മനസ്സിലാക്കാൻ സാഹചര്യത്തെളിവുകൾ വച്ചുള്ള അനുമാനം മതി. കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവിന്റെ അഭാവം, നേരിട്ടുള്ളതോ പ്രാഥമികമോ ആയ തെളിവില്ലാത്ത സാഹചര്യം തുടങ്ങിയ ഘട്ടത്തിൽ പ്രോസിക്യൂഷൻ നൽകുന്ന മറ്റു തെളിവുകൾ അടിസ്ഥാനമാക്കി കുറ്റം ചാർത്താമെന്നും ജസ്റ്റിസ് അബ്ദുൽ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.