കഥകളെഴുതി മാധ്യമങ്ങള്‍ ആ നടനെ അധോലോക നായകനെപ്പോലെയാക്കി ; അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ വീണ്ടും രംഗത്ത്.

ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടുകഥകളായിക്കൂടേയെന്ന് അടൂര്‍ ചോദിച്ചു. കുറ്റകൃത്യം ചെയ്തയാള്‍ക്ക് നടിയും ദിലീപും തമ്മില്‍ ഇഷ്ടത്തിലല്ലായെന്ന് അറിയാം. അതിനാല്‍ ദിലീപിനെ മനപ്പൂര്‍വ്വം ഇതിലേക്ക് വലിച്ചിഴച്ചതാവാമെന്നും അടൂര്‍ പറയുന്നു.

കഥകളെഴുതി മാധ്യമങ്ങള്‍ ആ നടനെ അധോലോക നായകനെപ്പോലെയാക്കിയിരിക്കുകയാണ്. ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. കാര്യമറിയാതെയാണ് ആള്‍ക്കൂട്ടം അയാളെ വിചാരണ ചെയ്യുന്നത്. ഈ രാജ്യത്ത് ഒരാള്‍ക്ക് നീതി ലഭിക്കാന്‍ അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മളാരാണെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.

ജനക്കൂട്ടത്തെ ഇങ്ങനെ ചാര്‍ജ്ജ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത് കോടതിയെപ്പോലും തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താരസംഘടനയായ അമ്മയെയോര്‍ത്ത് പൊതുജനം ഇത്രയ്ക്ക് വിഷമിക്കുന്നതെന്തിനാണ്, അതൊരു സംഘടന മാത്രമാണ്. അതിന്റെ പ്രവര്‍ത്തനം പൊതുജനങ്ങളുടെ സംഭാവന വാങ്ങിയോ സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ അല്ല. പിന്നെന്തിനാണ് ജനങ്ങള്‍ ഇങ്ങനെ രോഷാകുലരാകുന്നതെന്നും അടൂര്‍ വിമര്‍ശിച്ചു.

Top