കുട്ടികളെ പിച്ചിചീന്തിയവരെയല്ല കാട്ടില്‍ ഒളിച്ചിരുന്നവരെ കൊന്നു, അഭിവാദ്യങ്ങള്‍; ജോയ് മാത്യു

കൊച്ചി: കഴിഞ്ഞ ദിവസം അട്ടപ്പാടി വനമേഖലയില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കേരള പൊലീസിലെ തണ്ടര്‍ ബോള്‍ട്ട് സേനയുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ അഭിമാനത്തിന്റെ നെറുകയില്‍ പോലീസും സര്‍ക്കാരും നില്‍ക്കുമ്പോഴും ചില വിമര്‍ശനങ്ങളും പലയിടത്തു നിന്നും ഉയരുന്നുണ്ട്. വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. വാളയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പറയാതെ പറയുകയാണ് കുറിപ്പിലൂടെ അദ്ദേഹം. സ്ത്രീ പീഡകരെയും,അഴിമതി ചെയ്യുന്നവരെയും കുട്ടികളെ കൊലപ്പെടുത്തുന്നവര്‍ക്കുമെതിരെ തോക്ക് പ്രയോഗിക്കാതെ വനത്തിലുള്ളില്‍ ഒളിച്ചു കഴിയുന്ന മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലീസിന് അഭിവാദ്യങ്ങളെന്നാണ് ജോയ്മാത്യു പ്രതികരിച്ചത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്ര് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍.

Top