ചെന്നൈ : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം.
രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. 1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്.
കടുത്ത ഇടതുപക്ഷ ചിന്തകനായ അദ്ദേഹം രണ്ടു തവണ ഒറ്റപ്പാലത്തു നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്.
ഒറ്റപ്പാലം ലോകസഭ തിരഞ്ഞെടുപ്പില്‍ അന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ആര്‍. നാരായണനെതിരെ മത്സരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു. ഇദ്ദേഹമാണ് കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് മത്സരിക്കുന്ന ആദ്യവ്യക്തി. ലെനിന്‍ രാജേന്ദ്രന്‍ രണ്ട് പ്രാവശ്യം കെ.ആര്‍.നാരായണനെതിരെ മത്സരിക്കുകയുണ്ടായിയെങ്കിലും വിജയം കണ്ടില്ല.
മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.