ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ‘ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നുവെന്നതു തന്നെയാണ് ആകാംക്ഷകൾക്ക് കാരണം. ‘ദളപതി 67’നെ കുറിച്ചുള്ള ഓരോ വാർത്തയ്‍ക്കും ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ‘ദളപതി 67’നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായി ഒന്നിച്ച ചിത്രം ‘മാസ്റ്റർ’ ആയിരുന്നു. ‘മാസ്റ്റർ’ വിജയ്‍യുടേയും തന്റേയും 50-50 ശതമാനം സിനിമ ആണെന്നായിരുന്നു ലോകേഷ് കനകരാജ് അന്ന് പറഞ്ഞത്. എന്നാൽ ‘ദളപതി 67’ നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞിരിക്കുന്നത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഒരു ഗാംഗ്‍സ്റ്റർ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ട്. വൈകാതെ ‘ദളപതി 67’ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലായിരുന്നു കുറേനാളായി ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.’
കൊവിഡിനു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ‘വിക്രം’. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ എന്നിവരൊക്കെ ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നായിരുന്നു ചിത്രത്തിൻറെ നിർമ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചത്.