ഇരു കൈകളും ഇല്ലാത്ത പ്രണവിനെ കെട്ടിപ്പിടിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിണറായി തന്നെയാണ് ‘രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി’ എന്ന വാചകത്തോടെ തുടങ്ങുന്ന കുറിപ്പ് ജനങ്ങളുമായി പങ്കുവച്ചത്. കുറിപ്പിനൊപ്പം ഇരുകൈകളും ഇല്ലാത്ത പ്രണയവിനൊപ്പമുള്ള ചിത്രങ്ങളും മുഖ്യമന്ത്രി നല്‍കിയിരുന്നു.
തനിക്ക് ആകുന്ന വിധം പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് ബി.കോം ബിരുദധാരിയായ ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തുന്നത്. ഈ സംഭാവന പ്രണവ് അദ്ദേഹത്തിന് തന്റെ കാല്‍ കൊണ്ട് സമര്‍പിക്കുന്നതിന്റെയും അതേ കാല്‍ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ‘ഹസ്തദാനം’ നല്‍കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
പ്രണവിനൊപ്പം കുറെ അധികം നോരം സമയം ചെലവിട്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ നിരവധി ആളുകളാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. അക്കൂട്ടത്തില്‍ തമിഴ് സംവിധായകന്‍ എ.ആര്‍ മുരുഗദോസും ഉണ്ടായിരുന്നു. ‘ഇത് എന്തൊരു മനുഷ്യന്‍’ എന്നര്‍ത്ഥം വരുന്ന ‘വാട്ട് എ മാന്‍’ എന്നാണ് തമിഴ് സിനിമാ സംവിധായകനായ മുരുഗദോസ് പ്രണവിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം അഭിനന്ദനസൂചകമായ ‘ക്ലാപ്പ്’, ‘ബൊക്കെ’ ഇമോജികളും അദ്ദേഹം നല്‍കിയിട്ടുണ്ട്.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന ‘ദര്‍ബാര്‍’ ആണ് മുരുഗദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മുരുഗദോസിന്റെ ഗജിനി, ഏഴാം അറിവ് എന്നീ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു.