കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കി സംവിധായകന്‍ ശങ്കര്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പങ്കുചേരുകയാണ് തമിഴകത്തെ സിനിമാതാരങ്ങളും സംവിധായകരും. നടന്‍ സൂര്യയും കുടുംബവും നടന്‍ അജിത്തും സംവിധായിക സൗന്ദര്യ രജനികാന്തും നേരത്തെ സാമ്പത്തിക സംഭാവനകള്‍ നല്‍കിയിരുന്നു.

കൂടാതെ, വെട്രിമാരനും ജയംരവിയും ശിവകാര്‍ത്തികേയനും മോഹന്‍ രാജയും ദുരിതാശ്വസ നിധിയിലേക്കുള്ള തങ്ങളുടെ സഹായങ്ങള്‍ എത്തിച്ചിരുന്നു.

ഇപ്പോഴിതാ, പ്രശസ്ത സംവിധായകന്‍ ശങ്കര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. സംവിധായകന്‍ ഓണ്‍ലൈനായാണ് പണം സര്‍ക്കാരിന് കൈമാറിയത്. ഇത് വൈറസ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് ശങ്കര്‍ അറിയിച്ചു.

ശങ്കറിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കമല്‍ ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2വാണ്. തെന്നിന്ത്യന്‍ താരസുന്ദരി കാജള്‍ അഗര്‍വാള്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

 

Top