ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പ് പറയണമെന്ന് സംവിധായകന്‍ വിനയന്‍

vinayan.

കൊച്ചി : ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പ് പറയണമെന്ന് സംവിധായകന്‍ വിനയന്‍. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 4 പ്രമുഖ നടിമാര്‍ താരസംഘനയായ അമ്മയില്‍ നിന്ന് രാജിവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം ബുദ്ധിശൂന്യമാണ്. ആക്രമിക്കപ്പെട്ട നടിയുടെ അഭിപ്രായം ചോദിക്കാതെയുള്ള തീരുമാനം വലിയ മണ്ടത്തരമാണെന്നും വിനയന്‍ പറഞ്ഞു.

ഇത്രയും തിരക്കിട്ട് തിരിച്ചെടുത്തത് കൊണ്ട് കുറ്റാരോപിതനായ നടന് ഒരു ഗുണവും ലഭിക്കില്ല. അമ്മയുടെ നടപടിയിലൂടെ നടനെ കുറിച്ച്‌ നെഗറ്റീവായ ചര്‍ച്ചയാണ് സമൂഹത്തില്‍ ഉയരുക. മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം അനുവദിക്കാതെ തീരുമാനമെടുത്തത് ആരോടൊക്കെയുള്ള വാശി പോലെയാണ് തോന്നുന്നതെന്നും വിനയന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ അമ്മ സ്വീകരിച്ച പല തീരുമാനങ്ങളും മണ്ടത്തരമായിരുന്നുവെന്ന് ഇന്നസെന്‍റ് അടക്കമുള്ളവരോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും വിനയന്‍ വ്യക്തമാക്കി.

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍. അമ്മയില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ചാണ് നടിമാരുടെ കൂട്ടരാജി.

Top