മിഷന്‍ സി തീയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കൈലാഷും അപ്പാനി ശരതും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ‘മിഷന്‍ സി’ എന്ന സിനിമ തീയറ്ററില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നു എന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. രജനികാന്തിന്റെ അണ്ണാത്തെ, വിശാല്‍ നായകനായ എനിമി തുടങ്ങിയ സിനിമകള്‍ പോലും തീയറ്ററില്‍ ഓടാന്‍ ബുദ്ധിമുട്ടുകയാണെന്നും ജനം തീയറ്ററിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും വിനോദ് ഗുരുവായൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

വിനോദ് ഗുരുവായൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മിഷന്‍ സി തീയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നു. രജനി സര്‍ന്റെയും, വിശാലിന്റെയും സിനിമകളും പല സ്റ്റേഷനുകളും നിര്‍ത്തി. ജനം തീയേറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. നല്ല അഭിപ്രായവും, റേറ്റിംഗ് ഉം, നല്ല റിവ്യൂ കളും നേടിയ മിഷന്‍ സി കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്. അത് കൊണ്ട് തല്ക്കാലം പിന്‍വലിക്കുന്നു… വിനോദ് ഗുരുവായൂര്‍

ചിത്രത്തില്‍ കൈലാഷിനൊപ്പം അപ്പാനി ശരത്, മേജര്‍ രവി, നോബി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മീനാക്ഷി ദിനേശാണ് നായിക. ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ട്രോളുകളില്‍ കൈലാഷ് പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിത്രം മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നതാണ്.

ഒരു മുഴുനീള ആക്ഷന്‍ ചിത്രമാണ് വിനോദ് ഗുരുവായൂര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബസും അതുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനുമാണ് ചിത്രത്തിന്റെ കാതല്‍. പൊലീസും പട്ടാളവുമൊക്കെ ട്രെയിലറില്‍ കാണാം. കൈലാഷിന്റെ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പ് ചിത്രത്തില്‍ കാണാമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

 

Top