ഭിന്നശേഷിയില്‍ പരിമിതപ്പെടുന്ന വൈദ്യശാസ്ത്ര പഠനങ്ങള്‍ ; ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി

DISABILITIES

കേള്‍വി ശക്തിയില്ലാത്ത കുട്ടികള്‍ക്കും ഡിസ്ലെക്സിയ ബാധിച്ചവര്‍ക്കും ഡോക്ടര്‍ പദവിയില്‍ എത്താനാകുമോ? ഡല്‍ഹി ഹൈക്കോടതിയെ കുഴക്കുന്ന ചോദ്യമാണത്. വിഷയം പഠിക്കാനായി പ്രത്യേക കമ്മറ്റിയെ കോടതി നിയോഗിച്ചിട്ടുണ്ട്. ശാരീരിക-മാനസിക വൈകല്യങ്ങളുടെ പേരില്‍ പഠനം നിഷേധിക്കുന്നത് ശരിയാണോ എന്നാണ് ഈ തീരുമാനം കൊണ്ട് ഉരിത്തിരിഞ്ഞിരിക്കുന്ന ചര്‍ച്ചകള്‍.

ചില ഉദാഹരണങ്ങള്‍ എന്തായാലും പരിശോധിക്കാതെ നിര്‍വ്വാഹമില്ല. ഒന്നാമത്തേതാണ്, ശാസ്ത്രലോകത്തെ ഇതിഹാസമായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ്സ്. ഫ്രിദ കഹ്ലോ, നടി മാര്‍ലി മാട്ലിന്‍ തുടങ്ങിയ പേരുകളൊന്നും ഒരു തരത്തിലും മാറ്റി നിര്‍ത്തപ്പെടേണ്ടതല്ല. ഇവരെല്ലാം തന്നെ സമാനതകളില്ലാത്ത കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ഉടമകളാണ്.

ഇന്ത്യയില്‍ ഇന്നും ഭിന്നശേഷിക്കാരായ ആളുകള്‍ വിലക്കപ്പെട്ടവര്‍ തന്നെയാണ്. പരിമിതികളെ മറികടക്കുക എന്നത് ഇന്ത്യയില്‍ ഇന്നും ഭഗീരഥ പ്രയത്‌നമാണ്. ഭിന്നശേഷിക്കാരായ ഡോക്ടര്‍മാര്‍ വളരെ ചെറിയ ഒരു വിഭാഗം തന്നെയാണ്.

അമേരിക്കയില്‍ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ 20ശതമാനം ഭിന്ന ശേഷിക്കാരായ ആളുകളില്‍ 2 ശതമാനം മാത്രമാണ് വൈദ്യശാസ്ത്രരംഗത്തേയ്ക്ക് കടന്ന് വന്നിരിക്കുന്നത്. വലിയ പഠനങ്ങളൊന്നും നടക്കാത്തതിനാല്‍ ഇന്ത്യയിലെ കണക്കുകള്‍ വ്യക്തമല്ല.

ഒന്നാംകിട രാജ്യങ്ങളിലെ പലയിടത്തും ഇത്തരം ആളുകള്‍ക്കായി പ്രത്യേകം സംഘടനകളും പരിപാടികളും എല്ലാം നിലവിലുള്ളപ്പോഴാണ് ഇന്ത്യയില്‍ കണക്കു പോലും വ്യക്തമല്ലാത്തത്. മറ്റ് രാജ്യങ്ങളില്‍ നിലവിലുള്ള ഇത്തരം സംഘടനകള്‍ അവകാശ സംരക്ഷണ സമരങ്ങള്‍ നയിക്കുക മാത്രമല്ല ചെയ്യുന്നത്. പഠനങ്ങള്‍ നടത്തുന്നു., രോഗികള്‍ക്ക് ഇത്തരം ഡോക്ടര്‍മാരോടുള്ള മനോഭാവം മാറ്റിയെടുക്കുന്നതിനായി ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നു.. തുടങ്ങിയവയൊക്കെയാണ് ഇവരുടെ പ്രധാന പരിപാടികള്‍.

വൈദ്യവിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ഇത്തരം സംഘടനകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അത്തരം സംഘടനകളുടെ അഭാവമാണ് ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഭിന്നശേഷിക്കാരായ ഡോക്ടര്‍മാര്‍ക്ക് സമാന രീതിയിലുള്ള രോഗികളുമായി കൂടുതല്‍ നന്നായി ഇടപെടാനും പ്രശ്‌നങ്ങളെ മറ്റാരെക്കാളും നന്നായി മനസ്സിലാക്കാനും സാധിക്കുന്നു. പരിമിതികളെ മറികടക്കാനാകുന്ന ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കുകയെന്നതാണ് വലിയ കാര്യം. അങ്ങനെ തനിയ്ക്ക് പറ്റുന്ന രീതിയിലുള്ള വൈദ്യശാസ്ത്ര രംഗത്തെ സാധ്യതകളെ കണ്ടെത്തുക. ഇത്തരക്കാര്‍ക്ക് കൂടി സ്വായക്തമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതികള്‍ ഉണ്ടാക്കുക എന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top