ബ്രസീലിയ: ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യ മന്ത്രി നെല്‍സണ്‍ ടീച്ചും രാജിവെച്ചു. പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് രാജി. അതേസമയം, നെല്‍സണ്‍ ടീച്ചിന്റെ രാജി വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ബ്രസീലില്‍ രാജിവെക്കുന്ന രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് ടീച്ച്. ശാസ്ത്രലോകത്തിന്റെ അന്തിമ അംഗീകാരം ലഭിക്കാത്ത മലേറിയ മരുന്നുകള്‍ കൊറോണ രോഗികളില്‍ ഉപയോഗിക്കണമെന്ന പ്രസിഡന്റ് ബൊല്‍സനാരോയുടെ പിടിവാശിയെത്തുടര്‍ന്നാണ് രാജി.
ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.18 ലക്ഷമായി. മരണസംഖ്യ 14,817 ഉം. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിമാര്‍ പുറത്തുപോവുന്നത്.
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതിന് ടീച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ബോള്‍സോനാരോ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോവിഡിനുള്ള മലേറിയ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആശങ്കയുളവാക്കുന്ന പഠനങ്ങളും പുറത്തുവന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ബോല്‍സനാരോയുടെ ശാഠ്യം.
‘തീരുമാനങ്ങള്‍ എടുക്കുന്നതിനാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്, ക്ലോറോക്വിനിനെക്കുറിച്ചുള്ള തീരുമാനം എന്നിലൂടെയാണ് കടന്നുപോകേണ്ടത്’ എന്ന് ബോള്‍സോനാരോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം സംബന്ധിച്ച സംസ്ഥാന ഉത്തരവുകള്‍ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനവും അവസാന വാക്കായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.’യുദ്ധത്തില്‍ ഒരു കമാന്‍ഡറെപ്പോലെ: അവന്‍ തീരുമാനിക്കണം. ആളുകള്‍ മരിക്കുമോ എന്നു ചോദിച്ചാല്‍ നിര്‍ഭാഗ്യവശാല്‍, ആളുകള്‍ മരിക്കുമെന്ന് പറയേണ്ടി വരും’ എന്നാണ് കഴിഞ്ഞ ദിവസം ബൊല്‍സനാരോ പറഞ്ഞത്.
അതേസമയം, ഗൈനക്കോളജിസ്റ്റും ആരോഗ്യസംരക്ഷണ സംരംഭകനുമായ ടീച്ച് ഇതുവരെയും രാജിവെക്കാനുള്ള കാരണത്തില്‍ പരസ്യ പ്രതികരണത്തിനു മുതിര്‍ന്നിട്ടില്ല. കേസുകള്‍ വര്‍ധിക്കുമ്പോഴും ജിമ്മുകളും, ബ്യൂട്ടി പാര്‍ലറുകളും തുറക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവും അദ്ദേഹത്തെ രാജിവെക്കാന്‍ പ്രേരിപ്പിച്ചിരിക്കണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല് വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് പ്രസിഡന്റ് ഓഫീസ് അറിയിച്ചത്. താത്ക്കാലിക ആരോഗ്യമന്ത്രി എഡ്വേര്‍ഡോ പസുവെല്ലോയെ മുഴുവന്‍ സമയ ചുമതല ഏല്‍പിക്കാനാണ് സാധ്യത.
ഏപ്രില്‍ 16 ന് ടീച്ചിന്റെ മുന്‍ഗാമിയായും സൈനിക വൈദ്യനുമായ ലൂയിസ് ഹെന്റിക് മണ്ടെറ്റയെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രോത്സാഹിപ്പിക്കാനുള്ള ബോള്‍സോനാരോയുടെ ആവശ്യത്തെ എതിര്‍ത്തതിന് പ്രസിഡന്റ് പുറത്താക്കിയിരുന്നു.