ജസ്‌ന തിരോധാനം ; കേസ് സിബിഐ അവസാനിപ്പിച്ചത് സാങ്കേതികം മാത്രം ടോമിന്‍ ജെ തച്ചങ്കരി

ഇടുക്കി: മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവത്തില്‍ കേസ് സിബിഐ അവസാനിപ്പിച്ചത് സാങ്കേതികം മാത്രമെന്ന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. ജസ്‌ന മരീചികയല്ല, സിബിഐ എന്നെങ്കിലും ജസ്‌നയെ കണ്ടെത്തും. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് കണ്ടെത്താന്‍ കഴിയും. ഇപ്പോള്‍ നടക്കുന്നത് കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന സാങ്കേതിക പ്രക്രിയ മാത്രമാണ്. ഏതെങ്കിലും ഒരു കേസിന് ഏറെ നാളായി ലീഡ് ലഭിക്കുന്നില്ലെങ്കില്‍ താത്കാലികമായി അവസാനിപ്പിക്കാറുണ്ട്. അതുതന്നെയാണ് ജസ്‌ന കേസിലും സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നെങ്കിലും ലീഡ് കിട്ടിയാല്‍ വീണ്ടും അന്വേഷിക്കും. ഇതൊരു കണ്ണി പോലെയാണ്, ഇതില്‍ നിന്ന് എവിടെയെങ്കിലും ഒരു കണ്ണി മിസ് ആയാല്‍ തെളിവ് മാഞ്ഞുപോയേക്കാം. നിരവധി കേസുകള്‍ തെളിയിക്കപ്പെടാതെ കിടപ്പുണ്ട്. ജസ്‌ന കേസ് പൂര്‍ണ്ണമായി അടഞ്ഞുപോയി എന്ന് കരുതേണ്ടെന്നും തച്ചങ്കരി പറഞ്ഞു. ആദ്യം കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചു. പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ കൊവിഡ് പടര്‍ന്നു. ഇതോടെ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയടച്ചു. കേസില്‍ ലീഡ് ലഭിച്ച ഘട്ടമായിരുന്നു അത്. തമിഴ്‌നാട്ടിലേക്ക് പോയി അന്വേഷിക്കേണ്ടിയിരുന്നു. ലോക്ക്‌ഡൌണ്‍ തുടര്‍ന്നതോടെ സംസ്ഥാനത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര നിരോധിക്കപ്പെട്ടു. ഇത് കേസന്വേഷണത്തെ ബാധിച്ചു. അപ്പോഴേക്കും ജസ്‌നയുടെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണം സിബിഐയ്ക്ക് കൈമാറി.

സിബിഐ തന്നോടും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരോടും അന്വേഷണത്തെ കുറിച്ച് ചോദിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച ലീഡുകള്‍ കൈമാറിയിരുന്നു. ഇതില്‍ സിബിഐ അന്വേഷിച്ചോ എന്നത് കേസ് ഡയറി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ. ജസ്‌നയെ കണ്ടെത്താനാകാത്തതില്‍ സിബിഐ കുറ്റം പറയാനാകില്ലെന്നും തച്ചങ്കരി പറഞ്ഞു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്പക്ടര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ ജസ്‌നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നതാണ് സിബിഐ കേസ് അവസാനിപ്പിക്കാന്‍ കാരണം. ജസ്‌നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിര്‍ണായക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുന്‍പോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കുമെന്നുമാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിച്ചതായി സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. വീട്ടില്‍ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്‌നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

Top