ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ് രംഗത്ത്. ഇത്തവണ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെയാണ് ഹര്‍ഭജന്‍ എത്തിയത്. ഹാര്‍ദിക് പാണ്ഡ്യയെ ‘ഓള്‍റൗണ്ടര്‍’ എന്നു വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട ഹര്‍ഭജന്‍, ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, സാം കറന്‍ തുടങ്ങിയവരാണ് ശരിക്കും ഓള്‍റൗണ്ടര്‍മാരെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവി ശാസ്ത്രിക്കെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ രംഗത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഹാര്‍ദ്ദിക്കിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളിലും മികച്ച പ്രകടനം നടത്താന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നില്ല. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍നിന്ന് 90 റണ്‍സ് മാത്രമാണ് പാണ്ഡ്യയുടെ സമ്പാദ്യം. ആകെ നേടാനായത് മൂന്നു വിക്കറ്റും. ഈ സാഹചര്യത്തിലാണ് ഇരുപത്തിനാലുകാരനായ പാണ്ഡ്യയെ കടന്നാക്രമിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയത്.
ബാറ്റ്‌സ്മാനെന്ന നിലയില്‍ അധികം റണ്‍സ് നേടാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. ബോളിങ്ങിലും ക്യാപ്റ്റന് അദ്ദേഹത്തെ വലിയ വിശ്വാസമില്ലാത്ത അവസ്ഥയാണ്. ബോളിങ്ങിന് ഇത്രയേറെ അനുകൂലമായ സാഹചര്യത്തിലും മികച്ച പ്രകടനം നടത്താനാകുന്നില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ പാണ്ഡ്യയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിനെതിരെയുള്ള പരാജയത്തെ തുടര്‍ന്ന് മുന്‍ താരങ്ങളെല്ലാം തന്നെ ടീമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വിയെങ്കില്‍ രണ്ടാമത്തെ ടെസ്‌ററില്‍ അത് 159 റണ്‍സിനായിരുന്നു. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.