മലയാളികള്‍ക്ക് നിരാശ ; ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ഹോം മത്സരങ്ങള്‍ പൂനെയില്‍

chennai-super-kings

മുംബൈ: ഐ പി എല്ലിലെ ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ഹോം മത്സരങ്ങള്‍ പൂനെയില്‍. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ്‌ ഇക്കാര്യം അറിയിച്ചത്. ടീം ക്യാപ്റ്റന്‍ ധോണിയുടെ നിലപാടാണ് മത്സരങ്ങള്‍ പൂനെയില്‍ എത്തിച്ചത്. പൂനെയില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനോട് ചെന്നൈ ടീം മാനേജ്‌മെന്റിനും എതിര്‍പ്പില്ലെന്ന് രാജീവ് ശുക്ല അറിയിച്ചു.

പൂനെ കൂടാതെ വിശാഖപട്ടണം, തിരുവനന്തപുരം, രാജ്‌കോട്ട് എന്നീ സ്ഥലങ്ങളാണ് വേദികളായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണിയുടെ നിലപാടാണ് നിര്‍ണായകമായത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഇവിടെ കളിച്ചതാണ് പൂനെ തന്നെ തിരഞ്ഞെടുക്കാന്‍ ധോണിയെ പ്രേരിപ്പിച്ചത്.

കാവേരി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നൈയില്‍ നിന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വേദിക്ക് അകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. കനത്ത സുരക്ഷ വലയത്തിലായിരുന്നു മത്സരം നടന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് ഹോം മത്സരങ്ങളാണ് നടക്കാനുള്ളത്. ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഇത് നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ പൂനെയിലേക്ക് മാറ്റിയത്.

Top