ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ല; മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ

തിരുവനന്തപുരം: മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അപകട മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ സ്ഥലം കാണാൻ ഈ സമയം ആരും വരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. 2018ലെ പ്രളയത്തിൻ്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നല്ല മുന്നൊരുക്കം സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ രം​ഗത്തെത്തി. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയർ ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.

Top