ഭാരതപ്പുഴയിലെ തുരുത്തില്‍ കുടുങ്ങിയ കന്നുകാലികളെ പുറത്തെത്തിച്ചു

മലപ്പുറം: ഭാരതപ്പുഴയിലെ തുരുത്തില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തി. ദുരന്തനിവാരണ സേനയും ഉടമകളും ചേര്‍ന്നായിരുന്നു കാലികളെ പുറത്തെത്തിച്ചത്. തുരുത്തില്‍ കാലികളെ കെട്ടിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഭാരതപ്പുഴയില്‍ വെള്ളം നിറഞ്ഞതോടെയായിരുന്നു കന്നുകാലികള്‍ തുരുത്തില്‍ കുടുങ്ങിയത്. തിരുനാവായ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലെ തുരുത്തുകളില്‍ മേയാന്‍ വിട്ട നൂറുകണക്കിനു കന്നുകാലികളാണ് തിരിച്ചുവരാനാകാതെ കുടുങ്ങി കിടന്നത്. തുരുത്തുകളിലേക്കും വെള്ളം കയറിത്തുടങ്ങിയത് ഉടമകളെ ആശങ്കപ്പെടുത്തി.

ഒഴുക്കും മഴയും ശക്തമായതിനാല്‍ കന്നുകാലികളെ രക്ഷിക്കാന്‍ ഏറെ പ്രയാസം നേരിട്ടിരുന്നു. ഇന്നലെ തവനൂര്‍ ഭാഗത്ത് കുടുങ്ങിയ നാലു പോത്തുകളെ രക്ഷപ്പെടുത്തി. ഒഴുക്ക് ശക്തമാകുന്നതിനു മുന്‍പ് ചമ്രവട്ടം ക്ഷേത്രത്തിനു പിന്നിലെ തുരുത്തിലുണ്ടായിരുന്ന 50 കാലികളെയും കരയ്‌ക്കെത്തിച്ചിരുന്നു.

കാലികളെ ചന്തയില്‍ നിന്ന് വാങ്ങിയ ശേഷം നേരെ പുഴയിലെ തുരുത്തുകളില്‍ മേയാന്‍ വിടുന്നതാണ് ഇവിടെയുള്ള രീതി. പിന്നീട് കാലികള്‍ക്ക് പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമാണ് ഉടമകള്‍ ഇവയെ അന്വേഷിച്ചെത്തുകയുള്ളൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭാരതപ്പുഴയില്‍ ഏറ്റവുമധികം വെള്ളം ഉയര്‍ന്ന ഇത്തവണ ഈ കാലികളെല്ലാം തുരുത്തുകളില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോയ കാലികള്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. തൃത്താല മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലായി നൂറിലധികം കാലികള്‍ ഇതുപോലെ കുടുങ്ങിയിരുന്നു.

Top