തിരുവനന്തപുരം: കണ്ണൂരിൽ സഹപാഠി ലഹരിമരുന്ന് നൽകി പീഢിപ്പിച്ചെന്ന വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു.
അതേസമയം, പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്നകുമാർ അറിയിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കും. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടപടിയെടുത്തുവെന്നും എസിപി പറഞ്ഞു. സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്നായിരുന്നു കണ്ണൂരിലെ ഒൻപതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
സമാന രീതിയിൽ കെണിയിലായ 11 ഓളം പെൺകുട്ടികളെ അറിയാമെന്ന് വിദ്യാർഥിനി പറയുകയും ചെയ്തിരുന്നു. പെൺകുട്ടി സോഷ്യൽ മീഡിയയിൽ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ പിതാവും പറഞ്ഞു.