ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍; ചേതന്‍ ശര്‍മ്മയുടെ കസേര തെറിച്ചേക്കും

മുംബൈ: വിവാദ വെളിപ്പെടുത്തലുകളുമായി ഒളിക്യാമറയിൽ കുടുങ്ങിയ ബിസിസിഐ മുഖ്യ സെലക്‌‌ടര്‍ ചേതൻ ശര്‍മ്മയുടെ സ്ഥാനം തെറിച്ചേക്കും. വിഷയത്തിൽ ബിസിസിഐ ഉടൻ തീരുമാനമെടുക്കും. കളിക്കാര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ചേതൻ ശര്‍മ്മ ദേശീയ മാധ്യമം സീ ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ നടത്തിയത്.

മുഖ്യ സെലക്ടര്‍ ചേതൻ ശര്‍മ്മയുടെ വെളിപ്പെടുത്തലിൽ വെട്ടിലായത് ബിസിസിഐയാണ്. പ്രധാന ടൂര്‍ണമെന്റുകളിലെ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ടീം സെലക്ഷനിലെ പാളിച്ചയെന്ന് നിരന്തരം വിമര്‍ശനം ഉയര്‍ന്നിട്ടും ചേതൻ ശര്‍മ്മയെ വീണ്ടും ചുമന്ന ബിസിസിഐക്ക് ഇത്തവണ തലയൂരാൻ പറ്റില്ല. ചേതന്‍ ശര്‍മ്മയുടെ വെളിപ്പെടുത്തലുകളോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ചില താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് ചേതൻ ശര്‍മ്മ നടത്തിയത്.

ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ തുടങ്ങിയ താരങ്ങൾ തന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരെന്ന വെളിപ്പെടുത്തൽ ടീം സെലക്ഷനിൽ പക്ഷപാതിത്വമുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്. മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു സാംസണടക്കമുള്ള താരങ്ങൾ തഴപ്പെട്ടതിന്റെ കാരണം വെളിപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയരുന്നു. വിരാട് കോലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാവാൻ കാരണം ഗാംഗുലിയുടെ അനിഷ്ടമാണെന്നും ടീമിൽ രോഹിത്, കോലി ഗ്രൂപ്പുകൾ ഉണ്ടെന്നതടക്കമുള്ള തുറന്നുപറച്ചിലുകളും ചേതൻ ശര്‍മ്മ നടത്തിയിരുന്നു. ചേതൻ ശര്‍മ്മയുടെ കാര്യത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായുടേതായിരിക്കും അന്തിമ തീരുമാനം. ഇത് ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആരാധകര്‍ തങ്ങളെ വെറുതെ വിടില്ലെന്നും ഇഷാൻ കിഷന്റെ ഏകദിന ഡബിൾ സെഞ്ചുറിയോടെ ടീമിലെ സഞ്ജുവിന്റെ സ്ഥാനം ഏറെക്കുറെ അവസാനിച്ചെന്നും ചേതൻ ശര്‍മ്മ സീ ന്യൂസിന്റെ ഒളിക്യാമറയില്‍ പറ‌ഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങളുടെ ഭാവിയും വര്‍ത്തമാനവുമൊക്കെ തങ്ങളുടെ കയ്യിലാണെന്ന് ചേതന്‍ ശര്‍മ്മ ഇന്നലെ ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

Top