ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിറം ചേര്‍ത്തതായി കണ്ടെത്തല്‍; 3620 ക്വിന്റല്‍ തിരിച്ചയക്കും

കൊച്ചി: സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിറം ചേര്‍ത്തതായി കണ്ടെത്തല്‍. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍നിന്ന് സപ്ലൈകോ പരിശോധനയ്ക്കയച്ച സാംപിളുകളിലാണ് മായം ചേര്‍ന്ന ശര്‍ക്കര കണ്ടെത്തിയത്. 36 സാംപിളുകളാണ് എന്‍എബിഎല്‍ അംഗീകാരമുള്ള ലാബുകളിലേയ്ക്ക് അയച്ചത്.

ഇതില്‍ അഞ്ചെണ്ണത്തിന്റെ ഫലം വന്നതില്‍ മൂന്നെണ്ണത്തിലും മായം കണ്ടെത്തി. രണ്ടു സാംപിളുകളില്‍ നിറം ചേര്‍ക്കുകയും ഒരെണ്ണത്തില്‍ സുക്രോസിന്റെ അളവില്‍ കുറവും കണ്ടെത്തി. രണ്ട് സാംപിളുകള്‍ക്ക് നിര്‍ദിഷ്ട നിലവാരമുണ്ടെന്നുമാണ് കണ്ടെത്തല്‍.

ഇതോടെ ഇ ടെണ്ടറിലൂടെ ലഭ്യമാക്കിയ ശര്‍ക്കരയില്‍ ഗുണ നിലവാരമില്ലാത്തവ തിരിച്ചയക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സപ്ലൈകൊ സിഎംഡി (ഇന്‍-ചാര്‍ജ് ) അലി അസ്ഗര്‍ പാഷ അറിയിച്ചു.ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളില്‍ വിതരണക്കാര്‍ നല്‍കിയ 3620 ക്വിന്റല്‍ ശര്‍ക്കര തിരിച്ചയക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top