മുഖവിലക്കെടുക്കുന്നത് ജനങ്ങളെ, എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല; ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മുഖവിലക്കെടുക്കുന്നതു ജനങ്ങളെ ആണ്. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായി പോള്‍ ചെയ്തു. ബിജെപി വോട്ട് ചോര്‍ച്ച 2021 മുതലേ ഉണ്ടെന്നും ജെയ്ക് പ്രതികരിച്ചു. ബിജെപിയുടെ വോട്ടില്‍ വലിയ ഇടിവുണ്ടായി. ക്രോസ് വോട്ടിംഗ് നടന്നെങ്കില്‍ ബിജെപിയുടെ വോട്ട് ആര്‍ക്ക് പോയെന്ന് ഊഹിക്കാം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും ജയത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജെയ്ക് സി തോമസ് കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളിയിലെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമന്നാണ് സര്‍വ്വേ ഫലം. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. എക്‌സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും. ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്‌തെന്നാണ് എക്‌സിറ്റ് പോള്‍ കണ്ടെത്തല്‍. ഇടത് മുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്‌സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു.

Top