ശ്രീധരന്‍പിള്ളയെ മാറ്റാന്‍ ബി.ജെ.പിയില്‍ തിരക്കിട്ട ചര്‍ച്ച ;സുരേന്ദ്രനുവേണ്ടി മുരളീധരപക്ഷം

തിരുവനന്തപുരം: ശബരിമല സമരത്തിലെ പാളിച്ചയില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ കടുത്ത രോഷത്തെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ മാറ്റാന്‍ ചര്‍ച്ചകള്‍ സജീവം.

ശബരിമല സമരം നടത്തി 21 ദിവസം ജയില്‍വാസം അനുഭവിച്ച കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് താല്‍പര്യം. മുരളീധര പക്ഷവും സുരേന്ദ്രനുവേണ്ടി പിടിമുറുക്കുന്നുണ്ട്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരെ മടക്കികൊണ്ടുവന്ന് ശബരിമല സമരനേതൃത്വം ഏല്‍പ്പിക്കണമെന്ന നിലപാടാണ് ആര്‍.എസ്.എസിനുള്ളത്.

നേരത്തെ ആര്‍.എസ്.എസിനോട് അനുവാദം വാങ്ങാതെ ബി.ജെ.പി കേന്ദ്ര നേതൃത്വം കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയതില്‍ സംഘനേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു. ബി.ജെ.പി ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആര്‍.എസ്.എസ് എതിര്‍ക്കുകയായിരുന്നു. ഇതോടെ സമവായ നീക്കത്തിന്റെ ഭാഗമായാണ് പി.എസ് ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കിയത്.

ഹിന്ദു ഏകീകരണമെന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപിത നിലപാട് നടപ്പാക്കുന്നതില്‍ ശ്രീധരന്‍പിള്ള തികഞ്ഞ പരാജയമാണെന്ന വിലയിരുത്തലാണ് ആര്‍.എസ്.എസിനുള്ളത്. ശബരിമല വിഷയം വീണുകിട്ടിയിട്ടും സമരരംഗത്തിറങ്ങിയ എന്‍.എസ്.എസിനെ കൂടെനിര്‍ത്താനോ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലമാക്കാനോ ശ്രീധരന്‍പിള്ളക്ക് കഴിഞ്ഞില്ല.

ബി.ജെ.ഡി.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനോട് ചേര്‍ന്ന് വനിതാമതിലിനു പോയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.

ശബരിമല സമരത്തില്‍ കേസില്‍പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന വികാരം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ എ.എന്‍ രാധാകൃഷ്ണന്‍ മാത്രമാണ് ശ്രീധരന്‍പിള്ളയെ പിന്തുണക്കുന്ന മുതിര്‍ന്ന നേതാവ്.

സുരേന്ദ്രന്റെ അറസ്റ്റ് ശശികലയെ തടഞ്ഞതടക്കമുള്ള വിഷയങ്ങള്‍ ശ്രീധരന്‍പിള്ള കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന വിലയിരുത്തലുമുണ്ട്. സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാണ് സമരം സെക്രട്ടറിയേറ്റ് പടിക്കലേക്കുമാറ്റിയതെന്ന പ്രചരണവും പാര്‍ട്ടിക്ക് പ്രതിരോധിക്കാനായില്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് അനുകൂലമായ തരംഗമുണ്ടായെങ്കിലും അതു രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനായില്ലെന്നതാണ് തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ തെളിയിച്ചത്.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഏറെ പ്രതീക്ഷപുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ദേശീയ നേതൃത്വത്തിനുള്ളത്. അതിനാല്‍ ആര്‍.എസ്എസിന്റെ അന്തിമനിലപാടുകൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.

Top