ഡിസ്നി ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ഡല്‍ഹി: ഡിസ്നി ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സിന്റെ വയാകോം 18മായി സ്റ്റാര്‍ ഇന്ത്യ ലയനകരാറില്‍ ഒപ്പുവെച്ചു. ഹോട്ട്സ്റ്റാര്‍, ജിയോ സിനിമ ഉള്‍പ്പെടെ റിലയന്‍സ് നിയന്ത്രിക്കും. സംയുക്ത സംരംഭത്തിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 11,500 കോടി രൂപ നിക്ഷേപിക്കും.

സംയുക്ത സംരംഭം ഇന്ത്യയിലെ വിനോദത്തിനും സ്‌പോര്‍ട്‌സിനുമുള്ള മുന്‍നിര ടിവി, ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായിരിക്കുമെന്നാണ് കമ്പനി പ്രതികരിച്ചിരിക്കുന്നത്. ഇതോടെ കളേഴ്സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ്, സ്റ്റാര്‍ സ്പോര്‍ട്സ്, സ്പോര്‍ട്സ് 18, ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ എന്നിവയെല്ലാം ഒരു കുടക്കീഴിലെത്തും. ലയനത്തോടെ 75 മില്ല്യണ്‍ കാഴ്ച്ചക്കാരാണ് ഇന്ത്യയിലുടനീളമുണ്ടാവുക. ലയന നടപടി ക്രമങ്ങള്‍ 2024 അവസാനത്തോടെയും 2025 ന്റെ ആദ്യ പകുതിയോടെയും പൂര്‍ത്തിയാവും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 16.34 ശതമാനവും വയാകോം 18ന് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവും ഓഹരികളാണ് ഉണ്ടാവുക. നിയന്ത്രണം റിലയന്‍സ് ഇന്‍ഡസ്ട്രിക്കായിരിക്കും. നിത അംബാനിയാണ് സംയുക്ത സംരംഭത്തിന്റെ ചെയര്‍പേഴ്സണ്‍. ഉദയ് ശങ്കര്‍ വൈസ് ചെര്‍മാനാവും. മറ്റ് ചില മാധ്യമങ്ങളെക്കൂടി ഡിസ്നി സംയുക്ത സംരംഭത്തിന്റെ ഭാഗമാക്കിയേക്കും.

Top