ഡിസ്നിലാന്‍ഡില്‍ ‘വെടിയൊച്ചയുടെ ശബ്ദം’; ഭയന്നോടി വിനോദ സഞ്ചാരികള്‍

പാരിസ്: പാരിസിലെ ഡിസ്നിലാന്‍ഡില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വെടിയൊച്ചയുടെ ശബ്ദം. അവധിയാഘോഷത്തിനായി ഡിസ്‌നിലാന്‍ഡിലെത്തിയവരാണ് വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭീകരാക്രമണമെന്ന് കരുതി ഭയന്നോടിയത്. തകരാറിലായ ലിഫ്റ്റില്‍ നിന്നോ എസ്‌കലേറ്ററില്‍ നിന്നോ ഉയര്‍ന്ന ശബ്ദമാണ് വെടിയൊച്ചയും സ്‌ഫോടനവുമായി സന്ദര്‍ശകര്‍ തെറ്റിദ്ധരിച്ചത്. തുടര്‍ന്ന് ഇവര്‍ സുരക്ഷിതസ്ഥാനം തേടി പരക്കം പായുകയായിരുന്നു.

തകരാറിനെ തുടര്‍ന്ന് ലിഫ്റ്റില്‍ നിന്നോ എസ്‌കലേറ്ററില്‍ നിന്നോ ഉയര്‍ന്ന ശബ്ദമാണ് ആളുകളെ ഭയപ്പെടുത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

പാരിസില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ കിഴക്കായാണ് ഡിസ്‌നിലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന യൂറോപ്പിലെ സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രം എന്ന പ്രത്യേകതയും ഡിസ്‌നിലാന്‍ഡിനുണ്ട്.

Top