കൊല്ലം: കൊല്ലത്തെ സിപിഐ ജില്ലാ സെക്രട്ടറിയെച്ചൊല്ലിയുള്ള കലഹം പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ജില്ലാ കൗണ്‍സില്‍ ഇന്ന് ചേരും. ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്‌നാകരനെ നിശ്ചയിക്കാനാണ് യോഗം ചേരുന്നത്. സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല മുല്ലക്കര രത്‌നാകരന് നല്‍കിയതിന്റെ പേരില്‍ ഇന്നലെ സംസ്ഥാന കൗണ്‍സിലില്‍ നടന്ന വാക്കേറ്റവും ഭിന്നതയും ഇന്നത്തെ യോഗത്തിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര എക്‌സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എന്‍ അനിരുദ്ധന് പകരം ആര്‍ രാജേന്ദ്രനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കാന്‍ ജനുവരി 24ന് ജില്ലാ കൗണ്‍സില്‍ ചേര്‍ന്നെങ്കിലും ശക്തമായ എതിര്‍പ്പ് ഒരു വിഭാഗം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ആ തീരുമാനം ഉപേക്ഷിക്കപ്പെട്ടു.
ആര്‍ രാജേന്ദ്രനെതിരെ മത്സരിക്കാന്‍ ഇസ്മയില്‍ – പ്രകാശ് ബാബു പക്ഷം പിഎസ് സുപാലിനെ രംഗത്തിറക്കിയപ്പോല്‍ തീരുമാനം നടപ്പാക്കാന്‍ സാധിക്കാതെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ നിന്നും മടങ്ങേണ്ടി വന്നു. രണ്ട് ദിവസം മുന്‍പ് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവാണ് അനിരുദ്ധനെ മാറ്റി ജില്ലയിലെ മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരന് പാര്‍ട്ടി സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല കൈമാറാന്‍ തീരുമാനിച്ചത്.