ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ പോലീസുകാരനേയും കുടുംബത്തിനേയും തല്ലി, യുവാക്കളെ കസ്റ്റഡിയിലെടുത്തു

കൊല്ലം: വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്ന് തര്‍ക്കവും കൂട്ടത്തല്ലും. സംഭവത്തില്‍ പോലീസുകാരനും കുടുംബത്തിനും പരിക്കേറ്റു. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. സുഗുണനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. സുഗുണന്റെ ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായി രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒന്‍പത് മണിയോടെ പുത്തൂര്‍ ജംങ്ഷനിലായിരുന്നു സംഭവം. നിസാരമായ സംഭവത്തെ ചൊല്ലിയായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. എസ്ഐയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഓവര്‍ടേക്ക് ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം.

ബൈക്കില്‍ പിന്നാലെയെത്തി കാറിന് കുറകെ നിര്‍ത്തിയ ശേഷം യുവാക്കള്‍ ഇത് ചോദ്യംചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബൈക്ക് കുറുകെ നിര്‍ത്തി ചോദ്യംചെയ്തപ്പോള്‍ സുഗുണന്റെ മകന്‍ അമല്‍ ഇവരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും കൂട്ടത്തല്ലിലേക്ക് എത്തുകയുമായിരുന്നു. യുവാക്കള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് എസ്.ഐയെയും മകനേയും മര്‍ദ്ദിക്കുന്നതും എസ്ഐയുടെ ഭാര്യ മര്‍ദ്ദനമേറ്റ് നിലത്തുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

Top