പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിൽ അയോഗ്യത; ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു

2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൊളറാഡോയില്‍ നിന്ന് മത്സരിക്കുന്നത് വിലക്കിയ കൊളറാഡോ സുപ്രീം കോടതി വിധിക്കെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. കൊളറാഡോ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നതിന് ട്രംപ് യോഗ്യനല്ലെന്ന് കൊളറാഡോയിലെ സുപ്രീം കോടതി വിധിച്ചത്.യുഎസ് ക്യാപിറ്റല്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി ഉപയോഗിച്ചാണ് ട്രംപിനെ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയത്. നേരത്തെ മെയ്നിന്‍ മേഖലയും ട്രംപിനെ വിലക്കിയിരുന്നു.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയില്‍ ഫെഡറല്‍ കോടതിയിലും ജോര്‍ജിയയിലെ ഒരു സ്റ്റേറ്റ് കോടതിയിലും കേസുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ട് കേസുകളിലും കലാപത്തിന് പ്രേരിപ്പിച്ചതിന് ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ യോഗ്യത സംബന്ധിച്ച് തീര്‍പ്പിലെത്താന്‍ അമേരിക്കന്‍ സുപ്രീംകോടതിയെ സമ്മര്‍ദത്തിലാക്കുന്നതാണ് തുടര്‍ച്ചയായുള്ള സംസ്ഥാനങ്ങളുടെ നടപടികള്‍. 2020ലെ തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയിലെ ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നത് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ ട്രംപിനെതിരെ കുറ്റപത്രം നിലനില്‍ക്കുന്നുണ്ട്.

പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നതില്‍നിന്ന് ട്രംപിനെ വിലക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മിനസോട്ടയിലെയും മിഷിഗണിലെയും കോടതികള്‍ ട്രംപിനെ അയോഗ്യനാക്കാനുള്ള ഹര്‍ജികള്‍ പരിഗണിച്ചില്ല. ഒറിഗോണ്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍, കേസുകള്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിട്ടില്ല.ട്രംപിന്റെ യോഗ്യത സംബന്ധിച്ച വിഷയത്തില്‍ യുഎസ് സുപ്രീം കോടതി വിധി രാജ്യവ്യാപകമായി ബാധകമായിരിക്കും.

Top