disrupted due to heavy rains in Uttarakhand evacuation

ഡെറാഡൂണ്‍: മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ സൈന്യത്തിന്റെയും ദേശിയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ഇടവേളയില്ലാതെ പെയ്യുന്ന മഴയും, മെബൈല്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമായതും രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

തകര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 14 മൃതദഹേങ്ങള്‍ വീണ്ടെടുത്ത് സംസ്‌കരിച്ചതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.

ചമോലി, പിത്തോറഗഢ് ജില്ലകളിലെ ആറോളം ഗ്രാമങ്ങളെയാണ് പ്രകൃതിക്ഷോഭം രൂക്ഷമായി ബാധിച്ചത്. 39ഓളം പേര്‍ ഇവിടെ മരണപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.

അറുപതോളം വീടുകള്‍ നാമവശേഷമാക്കുകയും, 200ലേറെ കന്നുകാലികള്‍ ചാവുകയും ചെയ്തു.

രണ്ട് മണിക്കൂറിനുള്ളില്‍ മാത്രം 100 മില്ലി മീറ്ററിലേറെ മഴ പെയ്തതോടെയാണ് ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയമുണ്ടായത്.

സംസ്ഥാന ദുരന്തനിവാരണ സേന, സന്നദ്ധസംഘടനകള്‍ എന്നിവയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. ശനിയാഴ്ച രാവിലെ മഴ നേരിയതോതില്‍ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ബല്‍താല്‍ ബേസ് ക്യാമ്പില്‍ കുടുങ്ങിപ്പോയ അമര്‍നാഥ് തീര്‍ത്ഥാടകസംഘം ശനിയാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

Top