ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം കനക്കുമ്പോള്‍ ഭരണകക്ഷിയില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും അസം ഗണ പരിഷത്തും നിയമത്തെച്ചൊല്ലി ഇടഞ്ഞു.
അതിനിടെ ബിജെപി അസം ഘടകത്തില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു.അനധികൃത കുടിയേറ്റത്തിനെതിരെ പോരാടിയാണ് അസമില്‍ പാര്‍ട്ടി വളര്‍ന്നത്. അതുകൊണ്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
മുതിര്‍ന്ന ബിജെപി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയന്‍ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചതായി അറിയിച്ചു.’പൗരത്വനിയമം അസം ജനതയ്ക്കെതിരാണ്. അതുകൊണ്ട് ഞാന്‍ രാജിവെക്കുന്നു. ഞാനും നിയമത്തിനെതിരെ ജനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങും.’-രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞു.
അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മ്മയും ബി.ജെ.പി വിട്ടു. ‘അസം ജനതയാണ് എന്നെ ഞാനാക്കിയത്. എന്റെ ജനതക്ക് വേണ്ടി ഞാന്‍ സ്ഥാനങ്ങള്‍ രാജിവെക്കുകയാണ്’- ജതിന്‍ ബോറ പറഞ്ഞു.മുന്‍ സ്പീക്കര്‍ പുലകേഷ് ബറുവയും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. ജമുഗുരിഹട്ട്, പദ്മ ഹസാരിക മണ്ഡലങ്ങളിലെ ബിജെപി എംഎല്‍എമാരും രാജിവെക്കുമെന്ന് അറിയിച്ചു.