അലഹബാദ്: ബൈബിള്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍ പ്രദേശിലെ നിര്‍ബന്ധിത മതം മാറ്റ നിരോധന നിയമത്തിനു കീഴില്‍ ഇത് വരില്ലെന്നും അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് നിരീക്ഷിച്ചു.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടയാളുകളെ ക്രിസ്തുമതത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍ പൊലീസ് പിടികൂടിയ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ബൈബിള്‍ വിതരണം ചെയ്തത് ഈ നിയമത്തിനു കീഴില്‍പെടുത്തി കേസെടുക്കാനാവുന്ന കുറ്റമല്ല. കേസില്‍ കുറ്റാരോപിതരായിരുന്ന ജോസ് പാപ്പച്ചന്‍, ഷീജ എന്നിവരുടെ ജാമ്യം തടയണമെന്ന ഹര്‍ജിയും കോടതി തള്ളി.
ഈ വര്‍ഷം ജനുവരി 24ന് ഒരു ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍ക്ക് ബൈബിള്‍ വിതരണം ചെയ്ത് അവരെ ക്രിസ്തുമതത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്.
പഠിപ്പിക്കുന്നതോ വിശുദ്ധ ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതോ വിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോ പരസ്പരം കലഹിക്കരുതെന്ന് ജനങ്ങളെ ഉപദേശിക്കുന്നതോ മദ്യപിക്കരുതെന്ന് പറയുന്നതോ നിയമപ്രകാരം തെറ്റല്ല. യുപി മതംമാറ്റ നിരോധന നിയമപ്രകാരം ബാധിക്കപ്പെട്ടയാള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക എന്നും കോടതി നിരീക്ഷിച്ചു.