District Collector Against Kochi corporation

കൊച്ചി: നഗരത്തിലെ മാലിന്യം ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ക്കു പകരം ടാഗ് ലൈനും ലോഗോയുമാണ് കൊച്ചിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായുള്ള നടപടികളുമായി നഗരസഭ മുന്നോട്ടു പോകുന്നതിനിടെയാണു ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍, ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍ ഇവക്കെല്ലാം പരിഹാരമാകേണ്ടതാണ് സ്മാര്‍ട് സിറ്റി പദ്ധതി. എന്നാല്‍ കൊച്ചിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത് ലോഗോയും ടാഗ് ലൈനുമാണെന്നും കളക്ടര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇത്തരം ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്ന ജനങ്ങള്‍ വിഡ്ഡികളാവുകയാണ്. പകരം നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീല പെയിന്റടിക്കല്‍ മാത്രമാണ് നടക്കുന്നത്. മാലിന്യ സംസ്‌ക്കരണത്തിനായി കെഎസ്‌യുഡിപി അനുവദിച്ച പദ്ധതി, ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം എന്നിവയെക്കുറിച്ചും ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നും കളക്ടര്‍ കുറ്റപ്പെടുത്തുന്നു.

(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ)

ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റി…

രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. മാലിന്യക്കൂമ്പാരത്താല്‍ ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ, നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍… ഇതിനെല്ലാം പരിഹാരമാകേണ്ട പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. എന്നാല്‍ കൊച്ചിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലിന്റെ ചര്‍ച്ചാവിഷയം ലോഗോയും ടാഗ് ലൈനും … നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീലപ്പെയിന്റടിക്കലും….

സ്വീവറേജ് സംസ്‌കരണത്തിനായി കെഎസ്‌യുഡിപി മുഖേന അനുവദിച്ച പദ്ധതി അവതാളത്തില്‍ പോയതിനെക്കുറിച്ചുളള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച ചര്‍ച്ച……..
……….. ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ജനങ്ങളല്ലേ വിഡ്ഢികള്‍.

നമ്മുടെ തെരുവുകളില്‍ മാലിന്യമുണ്ടാകാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാകാന്‍…എന്തെങ്കിലും ചര്‍ച്ച നടക്കുമോ .. ഇനിയെങ്കിലും.

Top