അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന് എതിരെ അന്വേഷണത്തിന് ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്.

ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളില്‍ വനം വകുപ്പും അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കലക്ടര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ടൌണ്‍ പ്ലാനിങ് വിഭാഗം, ദുരന്ത നിവാരണ വിഭാഗം, ഫയര്‍ഫോഴസ് എന്നിവയിലെ ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മതിയായ അനുമതി വാങ്ങിയാണോ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രധാനമായും പരിശോധിക്കുക.

ആദിവാസികള്‍ ഉപയോഗിക്കുന്ന അരുവിയില്‍ തടയണ നിര്‍മ്മിച്ചതായുള്ള പരാതിയാണ് വനം വകുപ്പ് അന്വേഷിക്കുക. വനം വകുപ്പിന്റെ അധീനതയുള്ള പ്രദേശത്താണോ തടയണ നിര്‍മ്മിച്ചതെന്ന കാര്യം ഡി.എഫ്.ഒയുടെ നേതൃത്വത്തിലാണ് പരിശോധിക്കുക.

സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലില്‍ കുന്നുകള്‍ ഇടിച്ചു നിരത്തി നിര്‍മ്മാണം നടത്തി. വാര്‍ട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തിന് മതിയായ അനുമതികള്‍ വാങ്ങിയിട്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും വി.പി അന്‍വറിന് എതിരെ ഉയര്‍ന്നത്. അനുമതി ലഭിക്കുന്നതിന് മുമ്പേ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നതായും പഞ്ചായത്ത് സെക്രട്ടറി ഇതിനെല്ലാം വഴിവിട്ട് പിന്തുണ നല്‍കിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

Top