തായ് ലന്‍ഡില്‍ 12അംഗ ഫുട്ബോള്‍ ടീം ഗുഹയില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം രണ്ടാം ദിനം പിന്നിട്ടു

ബാങ്കോക്ക്: വടക്കന്‍ തായ് ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയില്‍ വെള്ളം കയറിയ ഗുഹയ്ക്കുള്ളില്‍ 12അംഗ യുവ ഫുട്ബോള്‍ ടീം അംഗങ്ങള്‍ അകപ്പെട്ടു. രണ്ട് ദിവസം മുന്‍പാണ് ഫുട്ബോള്‍ പരിശീലനത്തിനു ശേഷം 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും ഇവരുടെ കോച്ചും ഗുഹയില്‍ കുടുങ്ങിയത്.

cave-missing

ശനിയാഴ്ച വൈകുന്നേരം ഫുട്ബോള്‍ പരിശീലനത്തിനു ശേഷമാണ് വടക്കന്‍ തായ് ലന്‍ഡിലെ ചിയാംഗ് റായിയിലെ താം ലുവാംഗ് നാംഗ് നോന്‍ ഗുഹയില്‍ പ്രവേശിച്ചത്. ഇതോടെ ശക്തമായ മഴ പെയ്ത് ഗുഹാമുഖത്തിലൂടെ വെള്ളം ഇരച്ചുകയറിയെന്നും ഇവര്‍ ഇതിനകത്ത് കുടുങ്ങുകയുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടിയ നിലയിലാണെന്നും ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്‍ അകത്താണ് കുട്ടികളും കോച്ചും അകപ്പെട്ടിട്ടുള്ളതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇവര്‍ക്കടുത്തേക്കെത്താന്‍ നീന്തല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും രക്ഷാസംഘം അറിയിച്ചു.

thailand-cave

കിലോമീറ്ററുകള്‍ ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന ഗുഹ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ചെറിയൊരു തോട് മുറിച്ചുകടന്നുവേണം ഗുഹാമുഖത്തെത്താനെന്നും ശക്തമായ മഴ പെയ്താല്‍ ഗുഹക്കുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ബാങ്കോക്ക് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

missing

ശനിയാഴ്ച മുതല്‍ കാണാതായ ഇവരെ തേടിയുള്ള തിരച്ചിലിനിടയിലാണ് ഗുഹക്ക് പുറത്ത് ഇവരുടെ സൈക്കിളുകളും സ്പോര്‍ട്സ് ഉപകരണങ്ങളും കണ്ടെത്തിയത്. വിദഗ്ധ സംഘം ഇന്നലെ ഗുഹക്കകത്തേക്ക് പ്രവേശിച്ചതായും തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും തായ് ലന്‍ഡ് പ്രതിരോധ മന്ത്രി ജനറല്‍ പ്രാവിത് വോംഗുസ് വാന്‍ പറഞ്ഞു.

Top