പോലീസ് ഫണ്ട് വകമാറ്റിയ നടപടി; ലോക് നാഥ് ബഹറയെ സര്‍ക്കാര്‍ സാധൂകരിച്ചതിൽ ധനവകുപ്പിന് എതിര്‍പ്പ്

തിരുവനന്തപുരം: പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സാധൂകരിചിരുന്നു. എന്നാൽ ധനവകുപ്പിന് ഈ നടപടിയിൽ എതിർപ്പ് ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുക വകമാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ധനവകുപ്പ് ശുപാർശ ചെയ്തിരുന്നു. കേന്ദ്ര ഫണ്ട് വിനിയോഗത്തെ ഇത് കാര്യമായി ബാധിക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ഫണ്ടായി കിട്ടിയ 433 ലക്ഷ മാണ് ബെഹ്റ വകമാറ്റിയത്. സർക്കാരിന്റെ ധനവിനിയോഗത്തിൻ മേലുളള കടന്നുകയറ്റമാണ് മുൻ ഡിജിപിയുടെതെന്നും ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഫണ്ട് വകമാറ്റിയതിനെ A G യും വിമർശിച്ചിരുന്നു. ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ബെഹ്റയുടെ നടപടി ആഭ്യന്തര വകുപ്പ് സാധൂകരിച്ചത്. ഇതടക്കമുള്ള മന്ത്രിസഭ യോഗ മിനിറ്റ്സ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.

പൊലീസ് വകുപ്പിന്‍റെ ആധുനികവല്‍കരണം എന്ന സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ പണമനുവദിച്ചത്. എന്നാല്‍ അനുവദിച്ച നാല് കോടി 33 ലക്ഷം രൂപ സര്‍ക്കാര്‍ അനുമതി വാങ്ങാതെ വകമാറ്റി. ക്വാട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൂറ്റന്‍ വില്ലകള്‍ നിര്‍മിക്കുകയായിരുന്നു. ഇതില്‍ ഒരു വില്ലയിലാണ് ഡിജിപിയായിരുന്ന ബെഹ്റ താമസിച്ചിരുന്നത്. വില്ലകള്‍ കൂടാതെ ഓഫീസുകളും പണിതു. ക്രമക്കേട് സിആന്‍റ് എജിയാണ് കണ്ടെത്തിയത്. വാഹനങ്ങള്‍ വാങ്ങിയതടക്കം ബെഹ്റയുടെ പലയിടപാടുകളും സിഎജി കണ്ടെത്തിയിരുന്നു. പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തിയെന്നും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമർശിച്ചിരുന്നു.

എന്നാല്‍, 30 ക്വാട്ടേഴ്സുകള്‍ നിര്‍മിക്കാന്‍ 43 ലക്ഷം രൂപ ഉപയോഗിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവ നിര്‍മിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി, ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെ സാധൂകരിച്ചു കൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ക്വാട്ടേഴ്സുകള്‍ കെട്ടാനുള്ള പണം വകമാറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ല പണിഞ്ഞ ബെഹ്റയ്ക്ക് എല്ലാം സാധൂകരിച്ചു എന്ന് ചുരുക്കം.

Top