കലയിലെ വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടണം; ടി.എം. കൃഷ്ണ

തൃശ്ശൂര്‍: സമൂഹത്തിലെ വൈവിധ്യങ്ങളെന്ന പോലെ സംഗീതത്തിലും വൈവിധ്യങ്ങളുണ്ട്. അത് വരേണ്യതയുടെ പേരില്‍ തരംതിരിക്കപ്പെടേണ്ടതില്ല. കലയിലെ വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ. സംഗീതത്തിലെ പ്രത്യേക രൂപങ്ങള്‍ മാത്രം അംഗീകരിക്കപ്പെടുകയും മറ്റുള്ളവ തഴയപ്പെടുകയും ചെയ്യുന്ന പ്രവണതയാണെന്നും സംഗീതത്തിലും ബഹുസ്വരത ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശ്ശൂരില്‍ നടന്ന സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ സംഗീതവും ജനങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ടി.എം. കൃഷ്ണ.

‘സമൂഹം വിവിധ ജാതി-മതഭേദങ്ങളാല്‍ ഭാഷകളാല്‍ സംസ്‌കാരങ്ങളാല്‍ വിഭിന്നമാണ്. വിവിധ സാംസ്‌കാരികവൈവിധ്യങ്ങളില്‍ വിവിധ കലാവൈവിധ്യങ്ങളുമുണ്ട്. എന്നാല്‍ ആ വൈവിധ്യങ്ങള്‍ക്ക് ഒരുപോലെയുള്ള പ്രാധാന്യം ലഭിക്കുന്നില്ല. ബോളിവുഡിന് ലഭിക്കുന്ന ജനപ്രീതിയല്ല ശാസ്ത്രീയസംഗീതത്തിന് ലഭിക്കുന്നത്. എന്നാല്‍ കര്‍ണാടിക് സംഗീതമുള്‍പ്പടെയുള്ള ശാസ്ത്രീയരൂപങ്ങള്‍ വരേണ്യമായും അവയാണ് ശ്രേഷ്ഠമാണെന്നുമുള്ള പൊതുബോധം നിലനില്‍ക്കുന്നുണ്ട്. അതേസമയം ദളിത് സമൂഹങ്ങളുടെ സംഗീതത്തെ മോശമായി കണക്കാക്കുന്നു’, ടി.എം.കൃഷ്ണ വ്യക്തമാക്കി.

എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ സംഗീതരൂപങ്ങള്‍ മൂല്യം കുറഞ്ഞതാണെന്ന ചിന്തയുണ്ട്. സമാനമായി ശാസ്ത്രീയ സംഗീതവും ശാസ്ത്രീയസംഗീതജ്ഞരും കുറ്റമറ്റതാണെന്ന ചിന്തയുമുണ്ട്. എന്നാല്‍ അത് തെറ്റായ ധാരണ മാത്രമാണ്. സംഗീതത്തിലും ജാതീയവും ലിംഗപരവുമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നു. ഒരേയൊരു സംഗീതരൂപം മതി എന്ന ചിന്തയും ഒരേയൊരു ഭാഷ മതി സംസാരിക്കാന്‍ എന്ന് പറയുന്നതും തമ്മില്‍ അന്തരങ്ങളില്ല. ബഹുസ്വരതയെ അംഗീകരിക്കാത്തവരെ ചിന്താശേഷിയില്ലാത്തവരായി കണക്കാക്കേണ്ടി വരും. സമൂഹം കലയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ചില സംഗീത രൂപങ്ങള്‍ മാത്രം ജനപ്രിയമാകുന്നതും ചിലത് അന്യംനിന്നു പോകുന്നതും അതിന് ഉദാഹരണമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top