ലീഗില്‍ ഭിന്നത; ഹരിത നേതാക്കള്‍ക്കെതിരെ നടപടി പാടില്ലെന്ന് ഒരു വിഭാഗം

മലപ്പുറം: ഹരിത നേതാക്കളുടെ പരാതിയുമായി ബന്ധപ്പെട്ട് ലീഗില്‍ ഭിന്നത. വനിതാ കമ്മീഷനില്‍ അടക്കം പരാതി നല്‍കിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ച് നില്‍ക്കുന്നതിനിടെ നടപടി തടയാന്‍ മറ്റൊരു വിഭാഗം ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദം. എം.കെ.മുനീര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍. കെ.കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ് എന്നീ പാര്‍ട്ടിയെ മുതിര്‍ന്ന നേതാക്കള്‍ ഹരിതാ നേതാക്കള്‍ക്കെതിരെ നടപടി പാടില്ലെന്ന നിലപാടിലാണ്.

ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്. സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി ലീഗിനെ എതിരാളികള്‍ ചിത്രീകരിക്കുമെന്നും നേതാക്കള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.

വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതി പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് നീക്കം നടക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നത്. വനിതകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്ലിം ലീഗിന്റേതെന്ന് എം.കെ മുനീര്‍ പറഞ്ഞു.

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്.

ഇന്ന് രാവിലെ 10 മണിക്കകം പരാതി പിന്‍വലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം. നിലവിലുളള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളത്.

 

Top