അസനോള്‍: ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് വിവാദത്തിലായി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരാളോട് കാലു തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് മന്ത്രി പുലിവാലു പിടിച്ചത്.
പശ്ചിമബംഗാളിലെ അസനോളില്‍ ചൊവ്വാഴ്ചയാണ് വിവാദ സംഭവം നടന്നത്. ‘സാമാജിക് അധികാരിത ശിബിര്‍’ എന്ന പരിപാടിയില്‍ എത്തിയതായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി പെട്ടെന്ന് പ്രകോപിതനായത്.
മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നതിനെ തുടര്‍ന്നാണ് മന്ത്രി പ്രകോപിതനായത്. ഇതു കണ്ട് മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു. ‘നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇനി നിങ്ങള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാല്‍ തല്ലിയൊടിക്കും എന്നായിരുന്നു മന്ത്രി പറഞ്ഞത്.