ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കളം നിറഞ്ഞ് സുരേന്ദ്രനും വി മുരളീധരനും കളിക്കുന്നതോടെ ബിജെപി നേതൃത്വത്തിനുള്ളിലെ ഭിന്നത വീണ്ടും രൂക്ഷമാകുന്നു. ബിജെപി നേതൃത്വത്തിലെ സമവാക്യങ്ങളില്‍ ഇതോടെ മുരളീധര പക്ഷത്തിന് മേല്‍ക്കൈ നേടി കഴിഞ്ഞു. വിവാദങ്ങളില്‍ നിരന്തരം പെടുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍ പിള്ളയാകട്ടെ ബിജെപിയെ നിരന്തരം പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണുള്ളത്.
ബിജെപിയുടെ ചരിത്രത്തില്‍ കേരളത്തില്‍ ഇതുപോലെ സ്വീകാര്യത നേടിയ സമരമോ പ്രക്ഷോഭമോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പരമാവധി രാഷ്ട്രീയമായി മുതലെടുപ്പ് നടത്തി സംഘടന ശക്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യത്തിന് തടസമാകുന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പിടിപ്പ് കേടാണെന്ന് ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. .
നിരന്തരം വിവാദത്തില്‍ പെടുന്നതും പറഞ്ഞത് മാറ്റി പറയുന്നതും സംസ്ഥാന അധ്യക്ഷന്റെ പ്രതിഛായ മോശമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്യപ്പെട്ട കെ സുരേന്ദ്രന് പ്രവര്‍ത്തകര്‍ക്കിടയില്‍ വീരപരിവേഷമാണ്. ശബരിമലയിലെത്തിയ എം വി മാരായ വി. മുരളീധരനും നളില്‍ കുമാര്‍ കട്ടീലും പക്വതയോടെ വിഷയം കൈകാര്യം ചെയ്‌തെന്നാന്ന്.. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം.
എന്നാല്‍, ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രതിഛായയും മോശമായ അവസ്ഥയാണ്.പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ പുറത്തായതും എ എന്‍ രാധാക്യഷ്ണന് തിരിച്ചടിയാണ്. കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനുമായി എസ് പി യതീഷ് ചന്ദ്ര വാക്ക് തല്‍ക്കത്തിലേര്‍പ്പെട്ടപ്പോഴും മന്ത്രിക്കൊപ്പം എ എന്‍ രാധാകൃഷ്ണനുണ്ടായിരുന്നു.
രാധാകൃഷ്ണന്റെ പല നടപടികളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകുന്നതിനെ എതിര്‍ത്ത ആര്‍എസ്എസിന് പുതിയ സംഭവങ്ങള്‍ തിരിച്ചടിയാണ്. കെ സുരേന്ദ്രന്റെ ആക്രമണോത്സുകതയും വി. മുരളീധരന്റെ പക്വതയും പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയാവുകയും ഇരുവരും കൂടുതല്‍ സ്വീകാര്യത കൈവരിക്കുകയും ചെയ്യുന്നുണ്ട്.
പുതിയ സംഭവ വികാസങ്ങള്‍ അതു കൊണ്ട് തന്നെ ആര്‍ എസ് എസ് നേതൃത്വവും ഗൗരവമായി കാണുകയാണ് . നേരത്തെ ബിജെപിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുരേന്ദ്രന്റെ പേരായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍ ആര്‍എസ്എസിന്റെ അതൃപ്തിയില്‍ പി.എസ് ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കുകയായിരുന്നു. ഇതിനുശേഷം പ്രളയവും ശബരിമല വിഷയങ്ങള്‍ അടക്കം വന്നെങ്കിലും ബിജെപിയക്ക് ഇക്കാരണങ്ങള്‍ വേണ്ടവിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ ശ്രീധരന്‍പിള്ളയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന കെ. സുരേന്ദ്രനും വി.മുരളീധരനും തങ്ങളുടെ നേതൃപാടവും ശബരിമലയില്‍ തെളിയിച്ചിരിക്കുന്നത്.
സുരേന്ദ്രന്‍ അറസ്റ്റ് ചെയ്ത് ജയിലിലായപ്പോള്‍ വി. മുരളീധരന്‍ ഭക്തര്‍ക്കൊപ്പം ശക്തമായ നാമജപവുമായി പ്രതിഷേധം നടത്തുകയും അതില്‍ പോലീസുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകാതെ തന്റെ ആവശ്യം അധികൃതരെകൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമലിയില്‍ എത്തിയ പാര്‍ട്ടി ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ഇടപെടല്‍ ബിജെപിയുടെ പ്രതിച്ഛായ മോശമാക്കി. അനാവശ്യ ഇടപെടലുകളാണ് നടത്തിയതെന്ന വിമര്‍ശനം പലകോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു പോലും രാധാകൃഷ്ണന്റെ നിലപാട് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്ന വിധത്തിലായിയെന്നുള്ളത് ചില മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വിമര്‍ശനത്തില്‍പ്പെടും. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നിലപാടുകള്‍ പലഘട്ടത്തിലും തെറ്റായിയിരുന്നുവെന്ന കാര്യവും സംഘപരിവാറിലെ ചില നേതാക്കളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്.
റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്