പൂനെ: പൂനെയിലെ കോടതി കഴിഞ്ഞ ദിവസം വിവാഹമോചന കേസ് കേട്ടത് സ്‌കൈപ്പിലൂടെ. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.
സിംഗപ്പൂരിലുള്ള ഭര്‍ത്താവും ലണ്ടനിലുള്ള ഭാര്യയുമാണ് കേസിലെ കക്ഷികള്‍. കേസിനായി ഭര്‍ത്താവ് നേരിട്ട് പൂനെ കോടതിയില്‍ എത്തി. എന്നാല്‍ തൊഴില്‍പരമായ തിരക്കുകളുള്ളതിനാല്‍ ഭാര്യക്ക് പൂനെയില്‍ എത്താനായില്ല. ഇതോടെയാണ് ഇവര്‍ കോടതിയുടെ അനുമതിയോടെ സ്‌കൈപ്പിലൂടെ കേസില്‍ പങ്കാളിയായത്. ഇരുകൂട്ടര്‍ക്കും വേണ്ടി ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
ഇരുവരും ഒരേ കോളേജില്‍ പഠിച്ച് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഹിന്ദു ആചാരപ്രകാരം അമരാവതിയിലായിരുന്നു വിവാഹം. വിവാഹാനന്തരം ഇരുവരും പൂനെയില്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു.
ഭര്‍ത്താവിന് സിംഗപ്പൂരിലും ഭാര്യക്ക് ലണ്ടനിലും ജോലി കിട്ടി. ഭര്‍ത്താവ് സിംഗപ്പൂരിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ഭാര്യയെ ലണ്ടനിലേക്ക് പോകാന്‍ സമ്മതിച്ചില്ല. ഇതോടെ, ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി ലണ്ടനിലേക്ക് പോയി. വിവാഹ മോചനത്തിന് ഭര്‍ത്താവും തയ്യാറായിരുന്നു.
ലണ്ടിനിലെ ജോലി തിരക്കുള്ളതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാവില്ലെന്ന് വിവാഹമോചന ഹര്‍ജിയില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതോടെയാണ് കോടതി വിവാഹ മോചനത്തിന് സ്‌കൈപ്പ് ഉപയോഗിക്കാന്‍ സമ്മതിച്ചത്.