ന്യൂഡൽഹി : വിവാഹമോചനം നേടിയ ശേഷവും ഭാര്യക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രീം കോടതി. കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ് സുപ്രീം കോടതിയുടെ ഈ വിധി. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാർക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയതായാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2019 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദർ അഹൂജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. ഭർത്താവ് രവീൺ അഹൂജയിൽ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്‌നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.
എന്നാൽ വീട് തന്റെ സ്വന്തം സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയതാണെന്നും വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുമെന്ന് കാണിച്ച്കൊണ്ട് സതീഷ് ഫയൽ ചെയ്ത ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച നിയമത്തിലെ പതിനേഴാം സെക്ഷന്‍ അനുസരിച്ചുള്ളതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതല്ല തന്‍റെ വീടെന്നായിരുന്നു സതീഷ് ചന്ദര്‍ അഹൂജയുടെ വാദം. ഈ വാദവും കോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.