ജില്ലാ കളക്ടറുടെ പേരിലുള്ള അഞ്ച് വാഹനങ്ങൾ ഒളിപ്പിച്ചു, ദിവ്യ എസ് അയ്യരുടെ യാത്ര കളക്ടർ ബോർഡില്ലാത്ത കാറിൽ

പത്തനംതിട്ട: പത്തനംതിട്ട സബ് കോടതിയുടെ ജപ്തി നടപടിയിൽ നിന്ന് ഒഴിവാകാൻ ജില്ലാ കളക്ടറുടെ പേരിലുള്ള അഞ്ച് വാഹനങ്ങൾ ഒളിപ്പിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ജപ്തി നടപടി. ജില്ലാ കളക്ടർ എന്ന ബോർഡില്ലാതെയാണ് കളക്ടറുടെ യാത്ര. ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാമജിസ്‌ടേറ്റിന്റെ ചുമതലയുള്ള കളക്ടർ തന്നെ നീതിന്യായ പീഠത്തിന്റെ ഉത്തരവിനെ കബളിപ്പിക്കുന്നത് ചർച്ചയാകുന്നു. കളക്ടർ ദിവ്യ.എസ്.അയ്യർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമായ കെ.എൽ 03 ഡബ്ള്യൂ. 3636 ഇന്നോവ, എ.ഡി.എം രാധാകൃഷ്ണൻ ഉപയോഗിക്കുന്ന കെ.എൽ. 03 വി.5135 ഇന്നോവ, ഹുസൂർ ശിരസ്തദാറിന്റെ കെ.എൽ.03ആർ 8001 ബൊലേറോ, ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ കെ.എൽ.03 ഡബ്ള്യൂ.9999, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ സിഫ്റ്റ് ഡിസയർ കെ.എൽ.03റ്റി 8400 എന്നീ വാഹനങ്ങൾ ജപ്തിചെയ്യാനാണ് എത്തിയത്. വാഹനങ്ങളെല്ലാം ഡ്രൈവർമാരുടെ വീടുകളിലേക്ക് മാറ്റിയതായാണ് അറിയുന്നത്. തിരുവല്ല സബ്ബ്കളക്ടർ ഉപയോഗിച്ച കാറിൽ നെയിം ബോർഡ് ഇല്ലാതെയാണ് കളക്ടറുടെ യാത്ര.

പത്തനംതിട്ട റിംഗ് റോഡിനു വേണ്ടി 2008ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശ ഉൾപ്പെടെ 38 ലക്ഷം ഭൂ ഉടമക്ക് നൽകാൻ വൈകിയതാണ് ജപ്തിയിലേക്ക് നീണ്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം അടുത്ത മാസം 23ന് മുമ്പ് ഉടമയ്ക്ക് പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടവും പണം കൈമാറണം. ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നൽകേണ്ടത് മരാമത്ത് വകുപ്പാണ്. കളക്ടറേറ്റിൽനിന്ന് പണം ആവശ്യപ്പെട്ടു. പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. പണംകൈമാറാതെ വന്നതോടെ മേൽ കോടതി ഉത്തരവ് നടപ്പാക്കാൻ പത്തനംതിട്ട സബ്‌കോടതി ജഡ്ജി എസ്.ഷാനവാസ് ജപ്തി നിർദ്ദേശംനൽകി. വാഹനങ്ങൾ ജപ്തി ചെയ്യാൻ ആമീൻ അനീഷ് കഴിഞ്ഞദിവസം കളക്ടേറ്റിൽ എത്തിയതോടെയാണ് വാഹനങ്ങൾ കടത്തിയതായി അറിഞ്ഞത്.

 

Top