ഉത്തർപ്രദേശ് : ദീപപ്രഭയിൽ മുങ്ങി അയോദ്ധ്യ നഗരി. സരയൂ നദിക്കരയില്‍ നിറഞ്ഞുകത്തിയ അഞ്ചര ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ദീപാവലി ആഘോഷത്തിന് തുടക്കം കുറിച്ചു. ഇത്തവണത്തെ ദീപാവലി അയോധ്യക്ക് സമ്മാനിക്കുന്നത് ഇരട്ടിമധുരമാണ്. രാമക്ഷേത്രം യാഥാർഥ്യമായ സന്തോഷത്തിന് തൊട്ടുപിന്നാലെയാണ് ദീപാവലി എത്തിയിരിക്കുന്നത്. രാമക്ഷേത്രത്തിനു തറക്കല്ലിട്ടതിനു തൊട്ടു പിന്നാലെയുള്ള ഇത്തവണത്തെ ദീപോത്സവത്തില്‍ പങ്കെടുക്കാനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ നഗരത്തില്‍ നേരിട്ടെത്തി.
ആഘോഷങ്ങളുടെ ഭാഗമായി 5,51,000 വിളക്കുകളാണ് തെളിയിച്ചത്. അയോധ്യ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സരയൂ നദിക്കരയിലും ദീപങ്ങള്‍ തെളിയിച്ചു. രാമക്ഷേത്ര നിര്‍മ്മാണ സ്ഥലത്ത് 21,000 വിളക്കുകളാണ് തെളിയിച്ചത്. വേദകാല രാമായണ നഗരിയായി അയോധ്യയെ വികസിപ്പിക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമാണെന്നു ചൂണ്ടിക്കാട്ടിയ യോഗി ആദിത്യനാഥ് അതിനുവേണ്ടി ജനങ്ങളുടെ പിന്തുണയും തേടി. അയോധ്യയിലെ റെയില്‍വേ പാത ഇരട്ടിയാക്കുക, ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷന്‍ വിപുലീകരിക്കുക, സൗന്ദര്യവത്കരിക്കുക തുടങ്ങിയ അയോധ്യയുടെ വികസന പദ്ധതികള്‍ക്കായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഖജനാവുകള്‍ തുറന്നിട്ടുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.