ഔദ്യോഗിക വസതിയില്‍ ദീപാവലി ആഘോഷിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. മുന്നൂറോളം അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ”നമ്മള്‍ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മള്‍ ഓര്‍മിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ശൈലിയിലുള്ള അലങ്കാരങ്ങളും, വര്‍ണ്ണപ്പകിട്ടും ആഘോഷങ്ങളുടെ പ്രത്യേകതയായി.
ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ സ്വാധീനമുള്ള നിരവധി വ്യക്തികള്‍ വളരെ ആവേശത്തോടെ വിളക്കുകളുടെ ഉത്സവം ആഘോഷിക്കാന്‍ ഒത്തുകൂടി. വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച വര്‍ണ്ണാഭമായ രംഗോലി വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍, വിഭവസമൃദ്ധമായ വിഭവങ്ങള്‍, പരമ്പരാഗത സംഗീതം എന്നിവയോടുകൂടിയ ഒരു മഹത്തായ ആഘോഷമായിരുന്നു.
ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് പല അതിഥികളും എത്തിയത്. ഭക്ഷണത്തില്‍ സമൂസ, മലൈ ഐസ് ക്രീം, ഭേല്‍, മസാല ചായ എന്നിവയൊക്കെ ഉണ്ടായിരുന്നു. വേള്‍ഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗാ, നെറ്ഫ്‌ലിക്‌സ് ചീഫ് കണ്ടെന്റ്‌റ് ഓഫിസര്‍ ബേല ബജാറിയ, യുഎസ് ഹൗസ് അംഗങ്ങളായ രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍, റോ ഖന്ന, തനേദാര്‍, മിസ് യുഎസ്എ നീന ദവാളൂരി, എ ബി സി ന്യൂസ് ആങ്കര്‍ സോഹ്റീന്‍ ഷാ, അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ ശീതള്‍ ശേത് തുടങ്ങിയവര്‍ പങ്കെടുത്തു.