ന്യൂഡല്‍ഹി:59 മിനിട്ട് കൊണ്ട് ഒരുകോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍ സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചെറുകിട ഇടത്തരം സംരഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രഖ്യാപനം.
ചെറുകിട സംരഭകര്‍ക്കായി 12 പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയം മൂലം ചെറുകിട വ്യവസായ മേഖല തകര്‍ന്നെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് സംരഭകര്‍ക്ക് ആശ്വാസം പകര്‍ന്ന് മോദി പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ചെറുകിട സംരഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായത്തില്‍ സര്‍ക്കാരിന്റെ വിഹിതം 20ല്‍ നിന്ന് 25ശതമാനമാക്കി ഉയര്‍ത്തും, ജി.എസ്.ടിയുമായി ബന്ധിപ്പിച്ച് വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഒരുകോടിരൂപ വരെയുള്ള വായ്പയില്‍ രണ്ടുശതമാനം പലിശയിളവ് നല്‍കും. പുതിയ പദ്ധതികള്‍ ചെറുകിടവ്യവസായ രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും മോദി പറഞ്ഞു.