ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഐഎന്‍എസ് കില്‍തണ്‍

ന്യൂഡല്‍ഹി: ശത്രുക്കളെ തകര്‍ക്കാന്‍ നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ യുദ്ധക്കപ്പല്‍ ഇന്ത്യ രംഗത്തിറക്കി.

അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് കില്‍തണ്‍ ആണ് തിങ്കളാഴ്ച നാവിക സേനയുടെ ഭാഗമായത്.

വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് കില്‍തണ്‍ യുദ്ധക്കപ്പലിനെ രാജ്യത്തിന് സമര്‍പ്പിച്ചത്.

7800 കോടി മുടക്കി നിര്‍മിക്കുന്ന നാല് കോര്‍വെറ്റ് മോഡല്‍ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ് ഐഎന്‍എസ് കില്‍തണ്‍. പ്രോജകട് 28 എന്ന കോഡിലാണ് പദ്ധതി അറിയപ്പെട്ടിരുന്നത്.

ശത്രുവിന്റെ യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങള്‍ കില്‍തണിലുണ്ട്.

ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കദ്മട്ട് എന്നിവയാണ് കില്‍തണിന്റെ മറ്റു മോഡലുകള്‍.

കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ആണ് കപ്പല്‍ നിര്‍മിച്ചത്.

കടലില്‍ സഞ്ചരിക്കുമ്പോള്‍ പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ശബ്ദം വളരെ കുറവായിരിക്കും. ഇതിനാല്‍ ശത്രുവിന്റെ അന്തര്‍വാഹിനികള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. മറ്റ് കോര്‍വെറ്റ് മോഡല്‍ യുദ്ധകപ്പലുകളേക്കാള്‍ 100 ടണ്ണോളം ഭാരക്കുറവാണ് കില്‍തണിന്.

സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്ത കാര്‍ബണ്‍ ഫൈബര്‍ മിശ്രണം ഉപയോഗിച്ചാണ് കപ്പലിന്റെ ഉപരിഘടനകള്‍ നിര്‍മിച്ചിട്ടുള്ളത്.

109 മീറ്റര്‍ നീളവും 14 മീറ്റര്‍ വലിപ്പവുമുള്ള കപ്പല്‍ പ്രവര്‍ത്തിക്കുന്നത് നാല് ഡീസല്‍ എഞ്ചിനിലാണ്. 25 നോട്ട്‌സ് വേഗം ( 46.3 മണിക്കൂറില്‍ കിലോമീറ്റര്‍ ). 3,450 നോട്ടിക്കല്‍ മൈല്‍ ( 6389.4 കിലോമീറ്റര്‍ ) ഒറ്റത്തവണ സഞ്ചരിക്കാന്‍ കഴിയും.

13 ഓഫീസര്‍മാരും 178 സെയിലര്‍മാരും കപ്പലില്‍ പ്രവര്‍ത്തിക്കും.

Top