ദീപാവലി; പടക്കങ്ങള്‍ നിരോധിച്ച് ഒഡിഷ സര്‍ക്കാര്‍

ഒഡീഷ: ഒഡീഷയില്‍ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അവ ദോഷകരമായ നൈട്രസ് ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറത്തുവിടുന്നു. ഇവ കോവിഡ് രോഗികളുടെയും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെയും ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ ജീവന്‍ രക്ഷിച്ചുകൊണ്ട് മഹാമാരിക്കെതിരെ പോരാടാന്‍ ഒഡീഷയിലെ ജനങ്ങളുടെ പൂര്‍ണമായ സഹകരണവും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വിളക്കുകള്‍ കത്തിച്ച് ദീപാവലി ആഘോഷിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Top